Sunday 17 June 2012

ചങ്ങമ്പുഴയുടെ കുട്ടിക്കവിതകള്‍

ജൂണ്‍ 17- മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ കൃഷ്ണപ്പിള്ള ഓര്‍മയായിട്ട് 64 വര്‍ഷം. ചങ്ങമ്പുഴയുടെ ചില കുട്ടിക്കവിതകള്‍ വായിക്കാം



മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള 1911 ഒക്‌ടോബര്‍ 10-ാം തിയ്യതി ഇടപ്പള്ളി ചങ്ങമ്പുഴ വീട്ടില്‍ ജനിച്ചു. അച്ഛന്‍ കൊച്ചി മട്ടാഞ്ചേരി തെക്കേടത്തു വീട്ടില്‍ നാരായണമേനോന്‍. അമ്മ ചങ്ങമ്പുഴ പാറുക്കുട്ടിയമ്മ.

പ്രാഥമിക വിദ്യാഭ്യാസം ഇടപ്പള്ള എം.എം. ബോയ്‌സ് സ്‌കൂളില്‍. തുടര്‍ന്ന് ഇടപ്പള്ളി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഫസ്റ്റ് ഫോറത്തില്‍ ചേര്‍ന്നു. സെക്കന്റ് ഫോറത്തില്‍ പഠിക്കുമ്പോള്‍ കവിതകളെഴുതിത്തുടങ്ങി. സ്‌കൂളില്‍ കവി എന്ന നിലയില്‍ പ്രശസ്തനായി. അക്കാലത്താണ് അദ്ദേഹത്തിന്റെ പിതാവ് അകാലചരമം പ്രാപിച്ചത്. അതോടെ ജീവിതം ക്ലേശകരമായിത്തീര്‍ന്നു. കുറച്ചുകാലം പഠനം ഉപേക്ഷിക്കേണ്ടിവന്നു.

1932-ല്‍ എറണാകുളം എസ്.ആര്‍.വി. ഹൈസ്‌കൂളില്‍ ചേര്‍ന്നു. 1935-ല്‍ സ്‌കൂള്‍ ഫൈനല്‍ ജയിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് 1938-ല്‍ ഇന്റര്‍മീഡിയറ്റ് പരീക്ഷയും തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ നിന്ന് 1941-ല്‍ മലയാളം ബി.എ. (ഓണേഴ്‌സ്) പരീക്ഷയും പാസ്സായി. ഓണേഴ്‌സിനു പഠിച്ചുകൊണ്ടിരിക്കെ, 1940 ഇടപ്പള്ളി പടിഞ്ഞാറെ ഇലവുങ്കല്‍ വീട്ടില്‍ ശ്രീദേവിയെ വിവാഹം ചെയ്തു.
1942-ല്‍ സൈനികസേവനത്തിനായി പൂനയിലേക്കുപോയി. മിലിട്ടറി അക്കൗണ്ട്‌സ് ഓഫിസിലായിരുന്നു ജോലി. ജോലിയിലും താമസത്തിലും തൃപ്തനായിരുന്നില്ല. മലയാളിയും തന്റെ മേലുദ്യോഗസ്ഥനുമായിരുന്ന എ.പി.ബി. നായരെ ചെന്നു കണ്ടു അപേക്ഷിച്ചപ്രകാരം കൊച്ചിയിലേക്കു സ്ഥലമാറ്റം കിട്ടി.

പിന്നീട് സൈനികജോലി മതിയാക്കി നിയമപഠനത്തിനു മദ്രാസിലേക്കു പോയി. അതും ഉപേക്ഷിച്ച് 'മംഗോളോദയം' മാസികയുടെ പത്രാധിപസമിതിയില്‍ അംഗമായി. തൃശൂരില്‍ വീടുവാങ്ങി താമസം തുടങ്ങി. മനഃക്ലേശവും കണക്കറ്റ മദ്യപാനവും കവിയെ തളര്‍ത്തി. ക്ഷയരോഗബാധിതനായി ഇടപ്പള്ളിയില്‍ തിരിച്ചെത്തി. 1948 ജൂണ്‍ 17-ാം തിയ്യതി തൃശ്ശൂര്‍ മംഗളോദയം നേഴ്‌സിങ്‌ഹോമില്‍ വെച്ച് ആ ജീവിതം അവസാനിച്ചു.
ഹ്രസ്വമായ, 37 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒട്ടേറെ കവിതകള്‍ അദ്ദേഹം കൈരളിക്ക് സമര്‍പ്പിച്ചു. കുമാരനാശാന്‍, വള്ളത്തോള്‍, ഉള്ളൂര്‍ എന്നീ കവിത്രയങ്ങളുടെ കാലഘട്ടത്തില്‍, കവിതയെ ലളിതവല്കരിക്കുകയും സാധാരണക്കാരനിലേക്കെത്തിക്കുകയും ചെയ്തു എന്നുള്ളതാണ് ചങ്ങമ്പുഴയുടെ നേട്ടം. തന്റെ ആത്മസുഹൃത്തായിരുന്നു ഇടപ്പള്ളി രാഘവന്‍പിള്ളയുടെ അകാലചരമം തീര്‍ത്ത നോവില്‍ നിന്നുയിര്‍കൊണ്ടതാണ് 'രമണന്‍' എന്ന കാവ്യം. ഇത്രയേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഒരു കാവ്യഗ്രന്ഥം മലയാളത്തില്‍ വിരളമാണ്. 'രമണ'നെ വായനക്കാര്‍ നെഞ്ചിലേറ്റി നടക്കുകയും അതിലെ വരികള്‍ ഏറ്റുപാടുകയും ചെയ്തു.
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി
മരതകകാന്തിയില്‍ മുങ്ങി മുങ്ങി
എന്നും,
രമണാ നീയെന്നില്‍ നിന്നാരഹസ്യ-
മിനിയും മറച്ചുപിടിക്കയാണോ?
ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ-
ക്കരളല്ലേ നീയന്റെ ജീവനല്ലേ?
എന്നുമുള്ള ഓരോ വരികളും ആവേശഭരിതരാക്കി. അതുപോലെ, ഏറെ പ്രചാരം സിദ്ധിച്ച മറ്റൊരു കവിതയാണ് 'വാഴക്കുല'.
മലയപ്പുലയനാ മാടത്തില്‍ മുറ്റത്തു
മഴ വന്ന നാളൊരു വാഴനട്ടു
ആ വാഴ കുലച്ചു, കായ പഴുത്തു. വായില്‍ വെള്ളമൂറി, കൊതിച്ചു നിന്ന മക്കളെ തള്ളിമാറ്റി, ആ വാഴക്കുല തമ്പ്രാന് കാണിക്ക വെച്ചു.
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍തന്‍ പിന്‍മുറക്കാര്‍
എന്ന് കവി ധര്‍മ്മരോഷം കൊണ്ടും ഇങ്ങനെ, എത്രയെത്രെ വരികള്‍. രമണന്‍, രക്തപുഷ്പങ്ങള്‍, ബാഷ്പാഞ്ജലി, സ്വരരാഗസുധ, സ്​പന്ദിക്കുന്ന അസ്ഥിമാടം, പാടുന്ന പിശാച്, മണിവീണ, മദിരോത്സവം, ഹേമന്തചന്ദ്രിക, കളിത്തോഴി (നോവല്‍) തുടങ്ങി അമ്പത്തിയെട്ട് കൃതികള്‍ ചങ്ങമ്പുഴ രചിച്ചിട്ടുണ്ട്.
മലയാളകവിതയെ കാല്‍ച്ചിലങ്കയണിയിച്ചു നര്‍ത്തനമാടിച്ച കവിയാണ് ചങ്ങമ്പുഴ. ശബ്ദഭംഗി കൊണ്ടും പദലാളിത്യം കൊണ്ടും ആകര്‍ഷകമാണ് ഈ കവിതകല്‍, പ്രണയമധുരമാണ് അവ. അനര്‍ഗ്ഗളമായി ഒഴുകുന്ന കാവ്യകുല്ലാലിനി!

'സ്​പന്ദിക്കുന്ന അസ്ഥിമാടം' എന്ന കവിതാസമാഹാരത്തിലെ
''നീലക്കുയിലേ, നീലക്കുയിലേ
നീയെന്തെഎന്നൊടു മുണ്ടാത്തേ?''
എന്നു തുടങ്ങുന്ന, ഗ്രാമീണശൈലിയിലുള്ള കൊച്ചുകവിത കുട്ടികള്‍ക്ക് ഈണത്തില്‍ പാടാന്‍ പറ്റുന്ന ഒന്നാണ്. മനസ്സില്‍ പറ്റിനില്ക്കുന്നതുമാണ്. 'മലരണിക്കാടുകള്‍ തിങ്ങിവിങ്ങി' എന്നു തുടങ്ങുന്ന 'രമണ'നിലെ പ്രസിദ്ധമായ ഏതാനും വരികള്‍ ഈ കൃതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതുപോലെ, 'കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി' എന്നു തുടങ്ങുന്ന 'കാവ്യനര്‍ത്തകി' എന്ന കവിതയിലെ പ്രസക്തഭാഗങ്ങളും. കുട്ടികളുടെ കാവ്യവാസനയെ പരിപോഷിക്കാന്‍ ഉതകുന്നവയും കാവ്യാസ്വാദനതൃഷ്ണയെ ശമിപ്പിക്കുന്നതുമായ കവിതകള്‍.
'ശൈവാഭിലാഷം' എന്ന കവിത തുടങ്ങുന്നത് ഇങ്ങനെ.
''പൈതലോടോതുന്നിതമ്മ-കുഞ്ഞേ
നീ നല്കുകമ്മയ്‌ക്കൊരുമ്മ!''
പൊന്നുണ്ണി ചൊല്‍കയാ'',ണമ്മേ, -കാണ്‍കീ
മിന്നാമിനുങ്ങുകള്‍ ചെമ്മേ!
ആരിവയ്‌ക്കേകീ വെളിച്ചം?
-അന്ധകാരമേറ്റിടാന്‍ തുച്ഛം!''
ലളിതകോമളപദാവലികള്‍ കൊണ്ട് കോര്‍ത്തെടുത്ത മനോഹരമായ ഒരു കാവ്യഹാരം. അതുപോലെ,
ഓണപ്പൂക്കള്‍ പറിച്ചില്ലേ നീ-
യോണക്കോടിയുടുത്തില്ലേ
പൊന്നുംചിങ്ങം വന്നിട്ടും നീ
മിന്നും മാലേം കെട്ടീല്ലേ?
ഒരിക്കല്‍ കേട്ടാല്‍, ചുണ്ടിലും മനസ്സിലും തത്തിക്കളിക്കുന്ന ഈരടികള്‍. കുട്ടികള്‍ക്കു വേണ്ടതു താളവും ലാളിത്യവുമാണ്. ഇതു രണ്ടും ചങ്ങമ്പുഴക്കവിതകളില്‍ ഉണ്ട്. 'പക്ഷിക്കുഞ്ഞ്' എന്ന കവിതയില്‍,
വിണ്ണിന്‍ നീലച്ചുരുളുകളില്‍
പൊന്നിന്‍ പുലരൊളി കിളരുമ്പോള്‍
പച്ചക്കൂടിനകത്തിരിക്കുന്ന പക്ഷിക്കുഞ്ഞ് അമ്മയോട് ചോദിക്കുകയാണ്:
അമ്മേ, ചിറകു വിരിച്ചിനി ഞാന്‍
ചെമ്മേ പാറിപ്പോകട്ടേ!
പല ആപത്തുകളും സംഭവിക്കാം. വലയില്‍ കുടുങ്ങിയേക്കാം. അതിനാല്‍ ഇപ്പോള്‍ പോകരുത്. വളരട്ടെ, വളര്‍ന്നു വലുതാവട്ടെ എന്നാണ് ചെല്ലക്കിളിയോട് തള്ളക്കിളിയുടെ ഉപദേശം.

വലിയവരുടെ മനസ്സിലെന്നപോലെ കുട്ടികളുടെ മനസ്സിലും മലരണിക്കാടുകളുടെ മരതകഭംഗി നട്ടുപിടിപ്പിക്കുന്നു ചങ്ങമ്പുഴ.



നീലക്കുയിലേ
നീലക്കുയിലേ, നീലക്കുയിലേ,
നീയെന്തെന്നൊടു മുണ്ടാത്തേ?
തേമാവൊക്കെപ്പൂത്തട്ടെന്തേ
തേന്തളിര്‍ തിന്നു മദിക്കാത്തേ?
കാറും മഴയും പോയല്ലാ!
കാടുകളൊക്കെപ്പൂത്തല്ലാ!
മാടത്തക്കിളി പാടിനടക്കും
മാനം മിന്നി വെളുത്തല്ലാ!
-എന്നട്ടും, നീയെന്താണിങ്ങനെ-
യെന്നോടൊന്നും മുണ്ടാത്തേ?
- സ്​പന്ദിക്കുന്ന അസ്ഥിമാടം

ആ പൂമാല

'ആരു വാങ്ങു, മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ രോമാഞ്ചം?....'
അപ്രമേയവിലസലോലയാം
സുപ്രഭാതത്തിന്‍ സുസ്മിതം
പൂര്‍വദിങ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോള്‍;
നിദ്രയെന്നോടു യാത്രയും ചൊല്ലി
നിര്‍ദയം വിട്ടുപോകയാല്‍,
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാന്‍
മന്ദിരാങ്കണവീഥിയില്‍.
എത്തിയെന്‍ കാതി,ലപ്പൊഴു,തൊരു
മുഗ്ധ സംഗീതകന്ദളം...

'ആരു വാങ്ങു,മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ രോമാഞ്ചം?....'

പച്ചപ്പുല്‌ക്കൊടിത്തുഞ്ചില്‍ത്തഞ്ചുന്ന
കൊച്ചുമാണിക്യക്കല്ലുകള്‍,
ഞാനറിഞ്ഞതില്ലെന്തുകൊണ്ടെ,ന്നെന്‍-
മാനസം കവര്‍ന്നീലൊട്ടും.
അല്ലെങ്കില്‍ ചിത്തമെ, ങ്ങതാ ഗാന-
കല്ലോലത്തിലലിഞ്ഞല്ലോ!
ഗാനമാലികേ, വെല്ക, വെല്ക, നീ,
മാനസോല്ലാസദായികേ!
ഇത്രനാളും നുകര്‍ന്നതില്ല ഞാ-
നിത്തരമൊരു പീയൂഷം.
പിന്നെയു,മതാ, തെന്നലിലൂടെ
വന്നിടുന്നുണ്ടെന്നാനന്ദം...

'ആരു വാങ്ങു, മിന്നാരു വാങ്ങു, മീ-
യാരാമത്തിന്റെ രോമാഞ്ചം?....'
- ബാഷ്പാഞ്ജലി


അരിപ്പിറാവ്

പാദങ്ങള്‍ തത്തിപ്പറമ്പിലെങ്ങും
പാറിനടക്കുമരിപ്പിറാവേ!
പാവത്തം തോന്നിപ്പോം മാതിരിയില്‍
പാരം ചടച്ചോരരിപ്പിറാവേ!
ഉള്ളലിയുംമാറുഴന്നുപോകും
തള്ളയില്ലാത്തോരരിപ്പിറാവേ!
വാ, വാ, നീയെന്‍ കുഞ്ഞരിപ്പിറാവേ!
വാ, വാ, നീയെന്‍ പൊന്നരിപ്പിറാവേ!
നമ്മള്‍ക്കൊരുമിച്ചിരുന്നിവിടെ
നര്‍മമധുരമായ്‌ക്കേളിയാടാം!
- മഞ്ഞക്കിളികള്‍

ഉദയരാഗം


'അങ്ങോട്ടു നോക്കിയാലെന്തു കാണാം?'
'ആയിരം പൂച്ചെടി പൂത്തു കാണാം.'
'പൂച്ചെടിച്ചാര്‍ത്തില്‍നിന്നെന്തു കേള്‍ക്കാം?'
'പൂങ്കുയില്‍ പാടുന്ന പാട്ടു കേള്‍ക്കാം.'
'നീലവിണ്ണെത്തിപ്പിടിച്ചു നില്ക്കും
ചേലഞ്ചുമോരോരോ കുന്നുകളും;
പാറപ്പടര്‍പ്പിലൂടാത്തമോദം
പാടിയൊഴുകുന്ന ചോലകളും
പാദപച്ചാര്‍ത്തിലായങ്ങുമിങ്ങും
പാടിപ്പറക്കും പറവകളും
ആലോലവായുവില്‍ മന്ദമന്ദ-
മാടിക്കുണുങ്ങുന്ന വല്ലികളും;
ആനന്ദ, മാനന്ദം!- നാമിരിക്കും
കാനനരംഗമിതെത്ര രമ്യം!
- രാഗപരാഗം


മാഞ്ഞ മഴവില്ല്

നീറുന്നിതെന്മന, മയ്യോ, നീ മായുന്നോ
നീലവാനിന്‍ കുളിര്‍പ്പൊന്‍കിനാവേ?
തെല്ലിടകൂടിയെന്‍ മുന്നിലേവം ചിരി-
ച്ചുല്ലസിച്ചാല്‍ നിനക്കെന്തു ചേതം?
കോള്‍മയിര്‍ക്കൊള്ളിച്ചുകൊണ്ടാത്തകൗതുകം
വാര്‍മഴവില്ലേ, നീ വാനിലെത്തി.
ശങ്കിച്ചീലല്പവുമപ്പൊഴുതേവം നീ
സങ്കടം പിന്നെക്കൊളുത്തുമെന്നായ്!
നിന്നില്‍നിന്നൂറി വഴിയുമാ നിസ്തുല-
നിര്‍മലമഞ്ജിമയിങ്കല്‍ മുങ്ങാന്‍
താനേ വിടര്‍ന്നിതെന്‍ കണ്ണ, പ്പൊഴേക്കുമെ-
ന്താനന്ദമേ, നീ പറന്നൊളിച്ചോ?
അല്പനിമേഷങ്ങള്‍ നീയെന്റെ മുന്നില്‍നി-
ന്നപ്‌സരസ്സെന്നപോല്‍ നൃത്തമാടി,
കോടക്കാര്‍മൂടിയ വാനിങ്കല്‍ നീയൊരു
കോമളസ്വപ്‌നമായുല്ലസിക്കെ,
ഉദ്രസം വീര്‍പ്പിട്ടു കല്ലോലമാലകള്‍
നൃത്തമാരംഭിച്ച വല്ലരികള്‍
ഉള്‍ക്കാമ്പിലുല്ലാസമൂറിയൂറിക്കൊച്ചു
പുല്‌ക്കൊടിപോലും ശിരസ്സു പൊക്കി!
ഞാനും വെറുമൊരു പുല്‌ക്കൊടി-ഹാ, നിന്നെ-
ക്കാണുവാന്‍ ഞാനും ശിരസ്സുയര്‍ത്തി.
മന്മാനസത്തിലമൃതം പകര്‍ന്നു നീ
മന്ദിതപ്രജ്ഞയെത്തൊട്ടുണര്‍ത്തി.

എന്തു ഞാനേകാനുപഹാരമായ് നിന-
ക്കെന്‍തപ്തബാഷ്പകണങ്ങളെന്യേ?
പോയി നീ മായയായ് മാഞ്ഞുമാ,ഞ്ഞെങ്കിലും
മായില്ലൊരിക്കലുമെന്മനസ്സില്‍!...
- തളിര്‍ത്തൊത്തുകള്‍


(ചങ്ങമ്പുഴയുടെ കുട്ടികവിതകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)
mathrubhoomiyinnumanu ee lekhnam

No comments:

Post a Comment