Wednesday, 16 May 2012

പരിസ്ഥിതി നമ്മെ ബോധ്യപ്പെടുത്തുന്നത്

ഒരു നല്ല ജീവിതത്തിന് പ്രകൃതി സംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. വ്യക്തി, സമൂഹം, സര്‍ക്കാര്‍ എന്നിങ്ങനെയുള്ള വേര്‍തിരിവ് അതിലുണ്ടായിക്കൂടാ. ഓരോ വിഭാഗവും അവരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുമ്പോള്‍ ഭൂമിയുടെ നിലനില്‍പ്പ് തന്നെ അപകടകരമായ അവസ്ഥയിലേക്ക് ചെന്നെത്തുന്നു.
എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിലും ഉടമ്പടികളിലും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. മണ്ണും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം അതില്‍ വ്യക്തമാണ്. ആധുനിക ലോകത്ത് പരിഷ്കാരത്തിന്റെയും വികസനത്തിന്റെയും വഴിയില്‍ പ്രകൃതി സംരക്ഷണമെന്നത് ഒരു മിത്തായി മാറി. പറഞ്ഞു നടക്കാനും എഴുതാനുമുള്ളത് മാത്രമായി. ജൂണ്‍ 5 എന്ന ലോക പരിസ്ഥിതി ദിനത്തില്‍ കവല പ്രസംഗം നടത്താന്‍ മാത്രം പ്രകൃതി സംരക്ഷണ വിഭവങ്ങള്‍ തയ്യാറാക്കുന്നു. പരിസ്ഥിതി അവബോധത്തിന്റെ കുറവല്ല നമ്മള്‍ അനുഭവിക്കുന്നത്. ഉള്ള അറിവ് പ്രയോഗവല്‍ക്കരിക്കുന്നിടത്തെ ഇരട്ടത്താപ്പാണ്. ഉദ്ദേശ്യശുദ്ധിയില്ലാത്തവര്‍ ഉദ്ബോധനം നടത്തുന്നു. ഒരു വശത്ത് കുന്നിടിച്ച് നിരപ്പാക്കാന്‍ നേതൃത്വം നല്‍കുന്നവര്‍, മറുവശത്ത് പ്രകൃതി സംരക്ഷണത്തിന്റെ വായാടിത്തം പുലമ്പുന്നു. ദുരന്തങ്ങത്രയും നമ്മെ വരിഞ്ഞുമുറുക്കിയിട്ടും നമുക്ക് തിരിച്ചറിവുണ്ടാവുമോ എന്നതാണ് പ്രസക്തമായ ചോദ്യം.
ജലമലിനീകരണവും, ഉള്ള ജലസ്രോതസ്സുകളുടെ നാശവുമാണ് ഇന്ന് നേരിടുന്ന മുഖ്യമായ പ്രശ്നം. ജലസ്രോതസ്സുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സമുദ്രം. ഈ ജലസമ്പത്ത് കരയിലെ ജീവികളുടെ ആരോഗ്യ പരിപാലനത്തിന് നേരിട്ട് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതല്ല. വിവിധ തരത്തിലുള്ള ലവണങ്ങള്‍ നിറഞ്ഞ ജലം മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരവുമാണ്. ജൈവഅജൈവ വസ്തുക്കളുടെ രാസഘടനയുള്ള സമുദ്രജലം വളരെ വിചിത്രമായ രാസഘടനയിലുള്ളതാണ്. ഇവ ശുദ്ധീകരിച്ചാണ് വിവിധ രാജ്യങ്ങള്‍ അവരുടെ ജലക്ഷാമത്തിന് പരിഹാരം കാണുന്നത്. എന്നാല്‍ ഇന്ത്യയെ പോലൊരു രാജ്യത്ത് സമുദ്രജലത്തെ ആശ്രയിക്കേണ്ടിവരുന്നത് തന്നെ ഗതികേടാണ്. മറ്റു ജലസ്രോതസ്സുകളുടെ സുലഭമായ ലഭ്യത തന്നെ കാരണം. നദികളും കൊച്ചു അരുവികളും തടാകങ്ങളും കായലുകളും അടങ്ങിയ ഭൂപ്രദേശം എന്തുകൊണ്ടും ജല സമ്പന്നമാണ്. പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്ത്. 44 നദികള്‍ നമുക്കുണ്ട്. അതിന്റെ പല മടങ്ങ് കൈവഴികളും തോടുകളും കുളങ്ങളും കൊച്ചു കേരളത്തിലുണ്ട്. എന്നിട്ടെന്തുകൊണ്ട് വേനലില്‍ ഒരിറ്റ് ദാഹജലത്തിനായി കിലോമീറ്ററുകള്‍ താങ്ങേണ്ടിവരുന്നു?
പുഴകള്‍ മരിച്ചുകൊണ്ടേയിരിക്കുന്നു. വറ്റിവരണ്ട നദികളും തോടുകളും മഴക്കാലത്ത് ബീഭത്സമാകുന്നത് എന്തുകൊണ്ടായിരിക്കും? മുമ്പില്ലാത്തവിധം കേരളത്തിലെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. വേനലില്‍ പുഴ കരയാവുന്നു. നമ്മുടെ കൈയേറ്റത്തിന്റെ നേര്‍തെളിവുകളാണിവ. കേരളത്തിലെ എല്ലാ പുഴകളില്‍ നിന്നും തോടുകളില്‍ നിന്നും അനിയന്ത്രിതമായാണ് മണല്‍ വാരുന്നത്. ലൈസന്‍സുള്ള മൂവായിരത്തിലധികം കടവുകള്‍ക്ക് പുറമെ, യാതൊരു അനുമതിയും ഇല്ലാത്ത പതിനായിരക്കണക്കിന് മണല്‍ കടത്ത് കടവുകളാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ നിന്ന് മെട്രിക് കണക്കിന് മണലാണ് ഓരോ ദിവസവും കടത്തുന്നത്. ഓരോ പുഴയിലും രൂപപ്പെട്ട ചുഴികള്‍ പുഴയെ മാത്രമല്ല, മനുഷ്യ ജീവനെ കൊന്നൊടുക്കുന്നു. ചാലിയാര്‍ അങ്ങനെ അതിന്റെ ദുരന്തമുഖത്താണ്.
ഇന്ത്യയില്‍ വികസനക്കുതിപ്പില്‍ ഹെക്ടര്‍ കണക്കിന് വയലുകള്‍ ഇല്ലാതായി. സ്വയം പര്യാപ്തമായിരുന്ന ബംഗാള്‍, ആന്ധ്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍പോലും മിച്ച വിഭവങ്ങളില്‍ നിന്ന് പിന്നാക്കം പോയി. ഒരു കാലത്ത് ആന്ധ്രയുടെ കൃഷിയോരങ്ങളില്‍ ആയിരക്കണക്കിന് അന്യ സംസ്ഥാന ലോറികള്‍ അരിക്ക് വേണ്ടി കാത്തുനിന്നിരുന്നു. ഇപ്പോള്‍ അവയെല്ലാം പഴങ്കഥയായി. കാരണം ലളിതം. അവിടെ ഉത്പാദിപ്പിക്കുന്ന അരി അവര്‍ക്ക് തന്നെ തികയുന്നില്ല. ഒട്ടേറെ കൃഷിയിടങ്ങള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഏറ്റെടുത്തതോടെ ഭൂമാഫിയ തഴച്ചു വളര്‍ന്നു. ഇവിടെ മാത്രമല്ല, ബംഗാളില്‍ ചരിത്രമായ ഭരണമാറ്റം വരെ സംഭവിച്ചതിനു പിന്നിലും ഈ കാര്‍ഷിക രസതന്ത്രം നമുക്ക് കാണാം. ഇന്ത്യയില്‍ കാര്‍ഷിക രംഗത്ത് പുതിയ പ്രതിസന്ധികള്‍ രൂപപ്പെടുകയാണ്. ഇതിന്റെ കാരണങ്ങള്‍ നാം ചികഞ്ഞാല്‍ നമുക്ക് ചെന്നെത്താന്‍ കഴിയുക, സ്വദേശീയവും സാമ്രാജ്യത്വപരവുമായ പാരിസ്ഥിതിക കയ്യേറ്റങ്ങളിലാണ്. കാര്‍ഷിക മേഖലയിലെ കടന്നുകയറ്റവും ഇവയിലെ ഇരകളോടുള്ള ഭരണകൂട ഭീകരതയും ഒരു പ്രത്യേക രീതിയില്‍ ഉത്പാദന മേഖലയില്‍ ഉണ്ടാക്കിയത് പ്രതിസന്ധിയാണ്. ഇത്തരത്തില്‍ ദേശീയ തലത്തില്‍ തന്നെ നയവൈകല്യങ്ങളുടെ ഒരു നീണ്ട നിര നമുക്ക് കാണാന്‍ കഴിയും. എന്‍ഡോസള്‍ഫാന്‍ കീടനാശിനി മുതല്‍ ജനിതക മാറ്റം വരുത്തിയ വിദേശ വഴുതനങ്ങ വരെയുള്ള സംഭവങ്ങളില്‍ ചില ഇരട്ടത്താപ്പുകള്‍ക്ക് വേണ്ടി മാത്രം ലോബികള്‍ പ്രവര്‍ത്തിച്ചു. ഉത്തരാഖണ്ഡ്, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നദികളുടെ നിയന്ത്രണംപോലും ചില കുത്തക കമ്പനികളുടെ കൈവശമാണ്. വന്‍കിടക്കാരുടെ ഗവേഷണ ഫലമായി കിഴക്കന്‍, ഉത്തര ഇന്ത്യയില്‍ രൂപപ്പെട്ടിട്ടുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാറിനോ മറ്റു സംവിധാനങ്ങള്‍ക്കോ സാധിച്ചിട്ടില്ല. ""നദീജലവും മണ്ണും വായുവുമെല്ലാം മനുഷ്യന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് അറിയാത്തവരല്ല നാം. എന്നിട്ടും ഇക്കാര്യത്തില്‍ വളരെയൊന്നും മുന്നോട്ടുപോകാന്‍ നമുക്ക് സാധിച്ചിട്ടില്ല. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കേരളത്തിലെത്തുമ്പോള്‍ കൂടുതല്‍ സങ്കീര്‍ണമാണ് പ്രശ്നം. കേരളത്തില്‍ മണ്ണിന് സ്വന്തമായി മാഫിയ രൂപപ്പെട്ടിരിക്കുന്നു. വനവും പുഴയോരവും ഇവര്‍ക്ക് അന്യമല്ല. ഓരോ പുഴയെയും കുന്നുകളെയും കേന്ദ്രീകരിച്ച് മാഫിയകള്‍ കൊഴുക്കുന്നു. അവര്‍ തൊടാത്ത തോടുകളോ പുഴകളോ കേരളത്തിലില്ല.'' ഇവര്‍ക്ക് സംസ്ഥാനജില്ലാ ഭരണ കൂടങ്ങളില്‍ പതിവില്‍ കവിഞ്ഞ സ്വാധീനമുണ്ടായി. റവന്യൂപൊലീസ് വനംസംവിധാനങ്ങള്‍ അവര്‍ക്ക് വേണ്ടി ചലിച്ചു. ട്രേഡ് യൂണിയന്‍ സംവിധാനത്തില്‍ തന്നെ ചിലത് മാഫിയാ സംരക്ഷണത്തിനായി നിലകൊണ്ടു. അയല്‍ സംസ്ഥാനങ്ങളിലേക്ക് മണ്ണ് എത്തിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഇവിടെയുള്ള കുന്നുകള്‍ നിരത്തി തമിഴ്നാട്ടിലെയും കര്‍ണ്ണാടകയിലേയും നിലങ്ങള്‍ നികത്തുന്നു. ഒരു നാശത്തില്‍ നിന്ന് മറ്റൊരു നാശത്തിലേക്ക്. ആവശ്യമുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് മണ്ണെത്തിക്കുക എന്നതിനപ്പുറത്ത് മണ്ണ് എത്തിക്കാന്‍ ആവശ്യങ്ങളുണ്ടാക്കുക എന്ന അവസ്ഥയിലേക്ക് കേരളീയ സമൂഹം മാറിയിരിക്കുന്നു. ഇതിന്റെ ഭവിഷ്യത്തുകള്‍ എത്ര ക്രൂരമാണെന്ന് നമ്മുടെ സംസ്ഥാനത്തിന്റെ കാലവര്‍ഷക്കെടുതികള്‍ നമ്മെ കാണിക്കുന്നു. കേരളത്തിലെ നഗരങ്ങള്‍ മാലിന്യങ്ങള്‍ നിറഞ്ഞ ചേരിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. നഗരവത്ക്കരണത്തിലെ അശാസ്ത്രീയത തന്നെ മുഖ്യ കാരണം. 25ഓ 50ഓ വര്‍ഷത്തേക്ക് നഗരവല്‍കരണ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടിടത്ത് അല്‍പ്പായുസിന്റെ പദ്ധതികള്‍ തട്ടിക്കൂട്ടുന്നതിന്റെ പ്രശ്നമാണത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങള്‍ മാത്രം നിരീക്ഷിച്ചാല്‍ മതിയാകും ഇത് തെളിയാന്‍. വികസനത്തിന്റെ പൊള്ളത്തരങ്ങള്‍ മഴക്കാലത്ത് നമ്മുടെ നഗരങ്ങള്‍ നമുക്ക് കാണിച്ച് തരും. പുഴകളില്‍ നിന്ന് അനിയന്ത്രിതമായ മണലെടുപ്പ് നിയന്ത്രിക്കാന്‍ ഡാമുകളില്‍ നിന്ന് മണലെടുക്കുന്ന സാഹസികതക്ക് സര്‍ക്കാര്‍ മുതിര്‍ന്നു. എന്നാല്‍ അത് വിജയിപ്പിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമായിരുന്നു. പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. അതിനൊത്ത പരിഹാരമാണാവശ്യം. കടലോരം ഏറെയുള്ള കേരളത്തിന് പുഴകളില്‍ നിന്നും കായലുകളില്‍ നിന്നും ഒഴുകിയെത്തുന്ന മണല്‍ സംസ്കരിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന പദ്ധതികള്‍ തീര പ്രദേശങ്ങളില്‍ തുടങ്ങാന്‍ വൈകിക്കൂടാ. അത് ആവാസ വ്യവസ്ഥക്ക് യോജിച്ച തരത്തിലാവണമെന്ന് മാത്രം.
അതോടൊപ്പം മണ്ണ് മലിനീകരണത്തിന്റെ മുഖ്യ വില്ലനായ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നാം കുറച്ചേ മതിയാകൂ. ജൈവ മണ്ഡലത്തിന്റെ ഘടന തന്നെ മാറ്റി മറിക്കുന്ന തരത്തില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം 200 ശതമാനത്തിലധികമാണ് 6 വര്‍ഷം കൊണ്ട് വര്‍ദ്ധിച്ചത്. സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ കര്‍ശനമായി ഈ മേഖലയില്‍ നടപ്പിലാക്കണം. ഓരോ പഞ്ചായത്തിലും ആവശ്യമായ ഖരമാലിന്യ പ്ലാന്റുകള്‍ സ്ഥാപിച്ച് പ്ലാസ്റ്റിക്കിനെ വരുധിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. മണ്ണിന്റെ സന്തുലനാവസ്ഥക്ക് എത്രമാത്രം അപകടകരമാണ് പ്ലാസ്റ്റിക് എന്ന് ജനം തിരിച്ചറിയേണ്ടതുണ്ട്. അതിന് മാതൃകാപരമായിത്തന്നെ ബോധവല്‍ക്കരണങ്ങള്‍ തുടരേണ്ടതുണ്ട്.
പ്ലാസ്റ്റിക് കവറുകള്‍ നിറഞ്ഞ പ്രദേശത്ത് നിന്നു ഭക്ഷണം കഴിച്ച കന്നുകാലികള്‍ക്ക് ആമാശയത്തിനുള്ളില്‍ അഞ്ച് കിലോഗ്രാം വരെ പ്ലാസ്റ്റിക് വസ്തുക്കള്‍ നിറഞ്ഞ് മരണം സംഭവിച്ചത് പരിസ്ഥിതി ഗ്രാമമെന്ന് കരുതുന്ന കേരളത്തിലെ പല സ്ഥലങ്ങളിലുമുണ്ടായി. പാലക്കാട് ജില്ലയിലെ പ്ലാച്ചിമട എന്ന ഗ്രാമത്തിലുള്ള ഹിന്ദുസ്ഥാന്‍ കൊക്കോകോള ബീവറേജ് കമ്പനിക്കെതിരെയുള്ള സമരങ്ങള്‍ പാരിസ്ഥിതിക കൈയേറ്റങ്ങള്‍ തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രതിഷേധമാണ്. ജല സമൃദ്ധമായ ഒരു പ്രദേശത്തെ വരള്‍ച്ചയിലേക്ക് തള്ളിയിട്ട കുത്തകകള്‍ക്കെതിരെ നടന്ന സമരം ആഗോള ശ്രദ്ധ നേടിയതാണ്. സര്‍ക്കാറിന്റെ എല്ലാ സംവിധാനങ്ങളും കൈയേറ്റങ്ങള്‍ക്കെതിരെ ജനകീയ ചെറുത്ത് നില്‍പ്പും ഉണ്ടെങ്കില്‍ മാത്രമേ നമ്മുടെ നാട്ടിലെ മണ്ണും ജലവും വനവും വന്യജീവികളും സംരക്ഷിക്കാന്‍ സാധിക്കൂ. അതിലൂടെ മാത്രമേ നമുക്കും നമ്മുടെ വരും തലമുറക്കും സ്വസ്ഥമായി ജീവിക്കാന്‍ സാധിക്കൂ. അപ്പോഴേ നാമും പറയപ്പെടുന്ന സ്വര്‍ഗാവകാശികളാകാന്‍ അര്‍ഹരാവുകയുള്ളൂ.

2 comments:

  1. നല്ല ലേഖനം മിടുക്കന്‍ http://insight4us.blogspot.com

    ReplyDelete